തിരുനാൾ
എറണാകുളം- അങ്കമാലി അതിരൂപതയിൽ തെക്കുഭാഗത്തുള്ള പള്ളികളിലെ തിരുനാളുകളിൽ പ്രസിദ്ധമായത് കുടവെച്ചൂർ മുത്തിയുടെ തിരുനാളാണ്. ചിങ്ങമാസത്തിലെ പൊന്നൊണക്കാലത്താണ് ആണ്ടുതോറും തിരുനാളാഘോഷം നടന്നുവരുന്നത്. ദർശന സമൂഹത്തിലെ അംഗങ്ങൾക്ക് മാത്രമേ അമ്മയുടെ പിറവിതിരുനാൾ നടത്തുവാനുള്ള അസുലഭാവസരം ലഭിക്കുകയുള്ളു. അവസരം ലഭിച്ച വ്യക്തിക്ക് 11 വർഷത്തിനുശേഷമേ തിരുനാൾ നടത്താൻ സാധിക്കുകയുള്ളു. ഇങ്ങനെ 11 വർഷത്തേയ്ക്കുള്ള വ്യക്തികളെ തിരഞ്ഞെടുത്തു കഴിഞ്ഞാലും അനേകം പേർ അമ്മയുടെ തിരുനാൾ നടത്തുന്നതിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നു. ഇത് ഈ ഇടവകയുടെ മാത്രം പ്രത്യേകതയാണ് ഈ ദേവാലയത്തിലെ സെപ്തംബർ 15-ാം തീയതിയിലെ എട്ടാമിടതിരുനാൾ നാന-ജാതിമതസ്ഥർ പോലും ഏറ്റു നടത്തുന്നു.
ആദ്യകാലങ്ങളിൽ കർമ്മല മാതാവിന്റെ ദിനമായ ജൂലൈ 16 നാണ് ഇവിടെ പ്രധാന തിരുനാൾ ആഘോഷിച്ചിരുന്നത്. 1822-ല് ഇവിടെ ദർശന സമൂഹം സ്ഥാപിച്ചതു മുതല് പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാൾ ദിനമായ സെപ്തംബര് 8 പ്രധാന തിരുനാളായി ആഘോഷിച്ചു പോരുന്നു. പരിശുദ്ധ അമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ഭക്താനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് എട്ടുനോയന്പാചരണം ഇതോടൊപ്പം തന്നെ അടിമ, നീന്തുനേർച്ച, മുതലായവയും ഭക്ത്യാദരപൂർവ്വം നടന്നുവരുന്നു. കൊഴുക്കോട്ട, അരി, കുരുമുളക്, എള്ള്, ആദ്യഫലങ്ങള്, മെഴുകുതിരി എന്നിവയാണ് ഭക്തജനങ്ങൾ അമ്മയ്ക്ക് കാഴ്ചയായി സമർപ്പിക്കുന്നത്.
അതുപോലെ മാതാവിന്റെ കുടുതുറന്നുള്ള കുർബാന വിശേഷ സിദ്ധിയുള്ളലതായി വിശ്വസിച്ചുവരുന്നു. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും പ്രധാന തിരുനാൾ ദിനങ്ങളിലുമുള്ള മാതാവിന്റെ കുടുതുറന്നുള്ള കുർബാനയ്ക്ക് ധാരാളം ആളുകൾ എത്തിച്ചേരുന്നു. പാപങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് അമ്മയുടെ മുമ്പിൽ വിശ്വാസത്തോടെ അണയുന്ന ആരെയും അമ്മ നിരാശരാക്കാറില്ല. തിരുനാൾ പ്രദക്ഷിണ സമയത്ത് ക്രൈസ്തവരും അക്രൈസ്തവരുമായ ഭക്തജനങ്ങൾ അമ്മയുടെ തിരുസ്വരൂപത്തിൽ വെറ്റില എറിയുന്ന ഒരു രീതി ഇന്നും കണ്ടുവരുന്നു. ഇതിൽനിന്നെല്ലാം ധാരാളം അനുഗ്രഹങ്ങൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ലഭിച്ചുകൊണ്ടിരിക്കുന്നു. കുടവെച്ചൂർ പള്ളിയുടെ സ്ഥാപനത്തിന്റെ 500-ാം വാർഷികം ആഘോഷിച്ച 1963 മുതൽ സെപ്തംബര് 15-ാം തീയതി എട്ടാമിടവും ആഘോഷിച്ചു പോരുന്നു.
പ്രധാന നേർച്ചകൽ
മാതാവിന്റെ രൂപകൂട് തുറന്നുള്ള കുർബാന
പരിശുദ്ധമാതാവിന്റെ കൂട് തുറന്നുള്ള കുർബാന വിശേഷസിദ്ധിയുള്ളതായി വിശ്വസിച്ചുവരുന്നു. എല്ലാ ശനിയാഴ്ചകളിലും കൂട് തുറന്നുള്ള കുർബാനയും നോവേനയും തുടർന്ന് ഉപകാരസ്മരണായായി നടത്തുന്ന നേർച്ച കഞ്ഞിയും വിതരണം ചെയ്യുന്നു.
എട്ടുനോമ്പ്
കുടവെച്ചൂർ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി നടത്തപ്പെടുന്ന ഒരു ഭക്താനുഷ്ഠാനമാണ് എട്ടുനോമ്പാചരണം. സെപ്തംബർ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ മത്സ്യ മാംസങ്ങൾ ഒഴിവാക്കിയും ശാരീരികവും മാനസികവും ആത്മീയവുമാകുന്ന ശുദ്ധിവരുത്തിയും ദേവാലയത്തിൽ പരമാവധി സമയം പരിശുദ്ധ അമ്മയോടുകൂടി ആയിരിക്കുന്ന രീതിയാണ് എട്ടുനോന്പിന്റെ അന്ത്വസത്ത. പരിശുദ്ധ അമ്മയുടെ ദാസന് ദാസിയായിത്തീരുന്നതിന്റെ അടയാളമായി ഇത് കണക്കാക്കപ്പെടുന്നു. എട്ടുനോമ്പാചരണത്തിന് പുരാതന കാലം മുതൽ തന്നെ വളരെ പ്രാധാന്യമുണ്ട്. ഒരു കാലത്ത് ദൂരദേശത്തുന്നിന്നുപോലും ക്രൈസ്തവരും അക്രൈസ്തവരുമായ ജനങ്ങൾ ഇവിടെവന്ന് താമസിച്ച് എട്ടുനോമ്പാചരിക്കാറുണ്ടായിരുന്നു. സ്ത്രീ സഹജമായ രോഗങ്ങൾക്കും, സഖപ്രസവത്തിനും, സന്താനലബ്ധിക്കുവേണ്ടി ഈ നോമ്പാചരണം വളരെ ഫലസിദ്ധിയുള്ളതായി ധാരാളം അനുഭവങ്ങളുണ്ട്. പുരുഷന്മാരും പ്രത്യേക നിയോഗങ്ങൾ ക്കുവേണ്ടി നോമ്പാചരണം നടത്തിവരുന്നു. ഇപ്രകാരം നോമ്പ് ആചരിക്കുന്നതിനായി എത്തുന്ന അക്രൈസ്തവരായ ആളുകൾക്കുവേണ്ടി പള്ളിയുടെ മുൻവശത്ത് ഒരു മോണ്ടളം ഉണ്ടായിരുന്നു. അവിടെ നിന്നാൽ പള്ളിയ്ക്കുള്ളിലെ തിരുകർമ്മങ്ങളിൾ പങ്കുകൊള്ളുകയും ചെയ്യാമായിരുന്നു. എന്നാൽ ഇന്ന് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം സ്വന്തം ഇടവകയിൽ വച്ചുതന്നെ ഏഴ് ദിവസത്തെ നോമ്പ് ആചരിച്ച് ശേഷം അവസാനത്തെ നോമ്പ് തിരുനാൾ ദിവസം പള്ളിയിൽ വന്ന് പൂർത്തിയാക്കിയാൽ മതിയെന്നുള്ള നിർദ്ദേശം അധികാരികൾ നൾകിയിട്ടുണ്ട്.
അടിമ
അടിമയിരുത്തൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ഈ ദേവാലയത്തിലെ ഒരു പ്രത്യേകാചാരമാണ്. കൈസ്തവരും അക്രൈസ്തവരുമടക്കം വളരെയധികം പേർ എല്ലാവർക്കും, പ്രത്യേകിച്ച് തിരനാളിനോടനുബന്ധിച്ചും അല്ലാതെയും ഇവിടെ വന്ന് അടിമവയ്ക്കാറുണ്ടു. അടിമ നേർച്ച എന്നതിന്റെ ആശയംതന്നെ പരിശുദ്ധ അമ്മയുടെ മക്കളായി പൂർണ്ണമായി സമർപ്പിച്ച് അമ്മയുടെ സംരക്ഷണത്തിന് സ്വയം വിട്ടുകൊടുക്കുക എന്നതാണ്. 1806-ല് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഇവിടെ അമ്മയുടെ നടയ്ക്കൽ അടിമയിരുത്തിയിട്ടുണ്ട്. ഒരിക്കൽ അമ്മയ്ക്ക് അടിമയിരുന്നവർ വർഷം തോറും ഇവിടെ വന്ന് വീണ്ടും അടിമയിരിക്കുന്ന പതിവുണ്ട്. ഈ നേർച്ചയിലൂടെ ഒട്ടവനവധി ഭക്തജനങ്ങൾ തങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ച് അമ്മയുടെ നിത്യ സംരക്ഷമത്തിന് സ്വയം ഏല്പ്പിക്കുന്നു. ഈ പ്രദേശത്ത് അമ്മയ്ക്ക് അടിമവെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. ഏതൊരു ഭവനത്തിലും ഒരു കുഞ്ഞ് ജനിക്കുമ്പോൾതന്നെ ആ കുഞ്ഞിനെ അടിമവെച്ചു കൊള്ളാമെന്ന് നേർച്ച നേരുന്ന പതിവ് കാണാറുണ്ട്. തിരുനാൾ ദിവസങ്ങളിൽ അടിമവെയ്ക്കാൻ അനേകം ജനങ്ങൾ വളരെ ദൂരത്ത് നിന്നും തടിച്ച് കൂടുന്നു. മറ്റു ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് അടിമവെയ്ക്കുന്നതിനുള്ള സൗകര്യം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നീന്തു നേർച്ച
ഉദ്ദിഷ്ടകാര്യങ്ങൾ നേടിയെടുക്കുന്നതിനും, ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനുമായി പരിശുദ്ധ അമ്മയുടെ അൾത്താരയിലേയ്ക്ക് ദേവാലയത്തിന്റെ പുറത്തുള്ള നടയിലൂടെ നീന്തി കടന്നുവരുന്നു. പുറമേയുള്ള മഴയും വെയിലും ഈ ഭക്തകൃത്യത്തെ ഒരിക്കലും തടസ്സപ്പെടുത്താറില്ല.
കോഴിക്കോട്ട നേർച്ച
പരിശുദ്ധമാതാവിന്റെ തിരുമുമ്പിൽ കാഴ്ച സമർപ്പിക്കുവാനായി കൊഴിക്കോട്ട നേർച്ചയായി കൊണ്ടുവരുന്നു. ഇതുകൂടാതെ അരി, കുരുമുളക്, എള്ള്, ആദ്യഫലങ്ങൾ, മെഴുകുതിരി എന്നിവയും സമർപ്പിക്കാറുണ്ട്.
വെറ്റില എറിയൽ നേർച്ച
തിരുനാളവസരത്തിൽ പ്രദിക്ഷിണ സമയത്ത് നടക്കുന്ന ഒരു ഭക്താനുഷ്ഠാനമാണ് പരിശുദ്ധമാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിലേയ്ക്കുള്ള വെറ്റില എറിയൽ. മുത്തിയുടെ മാധ്യസ്ഥം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിന്റെയും കൂടുതൽ അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെയും അടയാളമാണ് ഈ ഭക്താനുഷ്ഠാനം. അക്രൈസ്തവ സമൂഹത്തിൽ പെട്ടവരാണ് ഈ അനുഷ്ടാനത്തിന് മുന്നോട്ടുവരുന്നത്.
ഇഷ്ടിക, മണ്ണ് ചുമട്
തിരുനാൾ ദിവസങ്ങളിലും മറ്റവസരങ്ങളിലും ഇവിടെ കാണുന്ന കൗതുക പൂർവ്വമായ ദൃശ്യമാണ് ഇഷ്ടിക അല്ലെങ്കിൽ ചെറിയ പാത്രത്തില് മണ്ണ് തലയിൽ വച്ച് നിശ്ചിതപ്രാവശ്യം പള്ളിക്ക് വലംവച്ച് പ്രാർത്ഥിക്കുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങളുടെ തലയിൽ പോലും മണ്ണ് പാത്രത്തിൽ വച്ചു കൊണ്ട് നടത്തിക്കുന്നത് ഹൃദയസ്പർശിയായ കാഴ്ചയാണ്. ശാരീരിക അസുഖങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും, പ്രത്യേകിച്ച് നിരന്തരമായുണ്ടാകുന്ന തലവേദന, വലിവ് പോലുള്ള രോഗങ്ങൾ മാറുന്നതിനും ഭക്തജനങ്ങൾ ഇത് വഴിപാടായി നേരുന്നു.