ഐതീഹ്യം

കുടവെച്ചൂർ മുത്തിയുടെ ചിത്രത്തെപ്പറ്റി പല ഐതീഹ്യങ്ങളും നിലവിലുണ്ട്. പേർച്ചുഗീസിൽ നിന്നും കൊണ്ടുവന്ന സ്വയം വരയ്ക്കപ്പെട്ട ചിത്രം കുടവെച്ചൂർ പള്ളിയിൽ സ്ഥാപിച്ചു. ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് കുടവെച്ചൂർ പള്ളിയും ആക്രമിക്കപ്പെടും എന്ന സൂചനയുടെ അടിസ്ഥാനത്തിൽ, പരിശുദ്ധ അമ്മയുടെ ചിത്രം അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കായൽ മാർഗ്ഗം കൊച്ചി രാജ്യത്തുള്ള ഇടക്കൊച്ചിപള്ളിയിൽ താൽക്കാലിക സൂക്ഷത്തിനായി ഏൽപ്പിച്ചു. അക്രമികൾ മടങ്ങിപ്പോയതിനുശേഷം അത്ഭുത ചിത്രം തിരികെ ചോദിച്ചപ്പോൾ ഇടക്കൊച്ചിക്കാർ ചിത്രം നൾകാൻ വിസമ്മതിച്ചു. അങ്ങനെ വഞ്ചിതരായ കുടവെച്ചൂർ വിശ്വാസികളും ധീവര സമുദായത്തിൽപ്പെട്ട കായിക ബലമുള്ള ഏതാനും പേരും ചേർന്ന് ഓടിവള്ളങ്ങളിൽ ഇടക്കൊച്ചി പള്ളിയിൽ നിന്നും പരിശുദ്ധ അമ്മയുടെ ചിത്രം വീണ്ടെടുത്തുകൊണ്ടുപോന്നും. ഇതറിഞ്ഞ് പിന്നാലെ എത്തിയ ഇടക്കൊച്ചിക്കാർക്ക് വേമ്പനാട്ടു കായലിൽ വച്ച് അപ്രതീക്ഷിതമായുണ്ടായ കാറ്റും കോളും നിമിത്തം മടങ്ങിപ്പോകേണ്ടിവരുകയും അതേ കാറ്റും കോളും കുടവെച്ചൂരിൽ നിന്നുളള വള്ളങ്ങളെ വേഗത്തിൽ പള്ളിക്കടവിൽ അടുക്കുവാൻ സഹായിക്കുകയും ചെയ്തു. ഇക്കാര്യങ്ങളിൽ സഹായിച്ച ധീവര സമുദായത്തിലെ പ്രമാണി അന്നുമുതൽ പള്ളിയിലെ പ്രധാന തിരുനാളിനുള്ള കൊടിക്കയർ നോൻമ്പുനോറ്റ് കൊടുത്തുകൊള്ളാമെന്ന് നേർച്ചനേരുകയും ചെയ്തു. തുടർന്ന് പള്ളിയ്ക്ക് സ്ഥിരമായ കൊടിമര സംവിധാനം ഉണ്ടാകുന്നതുവരെ പ്രസ്തുത അരയ സമുദായ പ്രമാണിയുടെ അനന്തരാവകാശികൾ ആഘോഷമായി പള്ളിയിൽ കൊടിക്കയർ എത്തിച്ചിരുന്നു.

മറ്റൊരൈതിഹ്യം പറയുന്നത്, കുടവെച്ചൂർ പള്ളിയിലെ മാതാവിന്റെ ചിത്രത്തിന്റെ പ്രത്യേകതയും അത്ഭുത സിദ്ധിയും അറിഞ്ഞ ഇടക്കൊച്ചിയിലെ ആളുകൾ ഒരുനാൾ പള്ളിയിൽ നിന്നും മാതാവിന്റെ അത്ഭുത ചിത്രം മോഷ്ടിക്കുകയും അതുമായി കടന്നുകളയുകയും ചെയ്തു. ഉടൻ തന്നെ പള്ളിമണികൾ അത്ഭുതകരമായി മുഴങ്ങുകയും നാട്ടുകാർ ഓടിക്കുടുകയും ചെയ്തു. ചിത്രം കൊണ്ടുപോയ അപഹർത്താക്കളെ നാട്ടുകാർ പിന്തുടർന്നു കായലിൽ വച്ചുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ചിത്രം തിരികെ വാങ്ങുകയും ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു.