ചരിത്രം
ചരിത്രപ്രസിദ്ധമായ വൈക്കത്തുനിന്നും 10 കിലോമീറ്റര്‍ തെക്കുഭാഗത്തായി വേമ്പനാട്ടുകായലിന്‍റെ തീരത്ത് മാറുന്ന കാലഘട്ടത്തിന്‍റെ മാറാത്ത സാക്ഷ്യമായി കുടവെച്ചൂര്‍ മുത്തിയുടെ ദേവാലയം സ്ഥിതി ചെയ്യുന്നു. ദൈവ മാതാവായപരിശുദ്ധ കന്യാമറിയത്തിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയം നാനാജാതി മതസ്ഥരായ അനേകായിരങ്ങള്‍ക്ക് ആശ്രയവും ഭയവുമാണ്. വേന്പനാട്ടുകായല്‍ കടന്നുവരുന്ന മന്ദമാരുതന്‍റെ തലോടലും, ഇടതുര്‍ന്നുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളുടെ സമൃദ്ധിയും, കനകം വിളയുന്ന നെല്‍പ്പാടങ്ങളുടെ സൗന്ദര്യവും ഈ കൊച്ചു ഗ്രാമത്തെ വശ്യമനോഹരമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം കുടുതലും കൃഷിയിടങ്ങളായിരുന്നതിനാല്‍ കൃഷിയോടൊപ്പം പശുവളര്‍ത്താല്‍ ഒരു പ്രധാന തൊഴിലായിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന സവിശേഷയിനം പശുക്കാളാണ് പിന്നീട്, വെച്ചൂര്‍ പശുക്കള്‍, എന്ന പേരില്‍ ലോക പ്രശസ്തിയാര്‍ജ്ജിച്ചത്.
പള്ളിയുടെ ചരിത്രത്തെപ്പറ്റി ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുളള താളിയോലകളില്‍ നിന്നും നാളാഗമപുസ്തകത്തില്‍ നിന്നും നമുക്ക് അറിയുവാന്‍ സാധിക്കും. കുടവെച്ചൂര്‍ പള്ളിയില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന നാളാഗമപ്രകാരം പള്ളി സ്ഥാപിതമായത് ഏ.ഡി.1463-ല്‍(കൊല്ലവര്‍ഷം 639) ആണെന്ന് വിശ്വസിച്ചുവരുന്നു. കുടവെച്ചൂര്‍ ദേവാലയം സ്ഥാപിക്കുന്നതിന് മുന്പ് ഇന്നാട്ടിലെ ക്രിസ്ത്യാനികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നിരുന്നത് പള്ളിപ്പുറം പള്ളി മുഖേനയായിരുന്നു. കുടവെച്ചൂര്‍ പള്ളി സ്ഥാപിക്കുമ്പോൾ ഇന്നത്തെ കൊതവറ, ഉല്ലല, ഇടയാഴം, അച്ചിനകം, കുമരകം, മണിയന്‍തുരുത്ത്. പെരുംതുരുത്ത്, കൊക്കോതമംഗലം, തണ്ണീര്‍മുക്കം, മുഹമ്മ, പാലൂത്തറ, തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ക്രൈസ്തവരെല്ലാവരും ഈ ഇടവകയില്‍ നിന്നാണ് ആത്മീയ ആവശ്യങ്ങള്‍ നടത്തിയിരുന്നത്. ഇന്നു കാണുന്ന ദേവാലയത്തിന്‍റെ പണി ആരംഭിച്ചത് 1864 - ല്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തറക്കല്ലിട്ടുകൊണ്ടാണ്. ഈ ദേവാലയം നാലാമത്തേതായി കരുതുന്നു.
എക്കാലത്തും മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കിയിട്ടുളള ഈ ദേവാലയം നാനാജാതി മതസ്ഥരുടെ ആശ്വാസകേന്ദ്രമായി നിലകൊള്ളുന്നു. ഭക്തജനങ്ങള്‍ പരിശുദ്ധ അമ്മയെ ഭക്തിയാദരവോടെ വെച്ചൂര്‍ മുത്തി എന്നു വിളിച്ചുവരുന്നു. ദേവാലയത്തിന്‍റെ പ്രധാന അല്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി പൂര്‍ത്തീകരിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചുവരുന്നു. കൂടെ വച്ച് അത്ഭുതകരമായ വിധത്തില്‍ പൂര്‍ത്തിയായ ചിത്രം ലഭിച്ചുതുകൊണ്ട് ഈ പ്രദേശത്തിന് കുടവെച്ചൂര്‍ എന്ന പേരുണ്ടായി.
പരിശുദ്ധ മാതാവിന്‍റെ അത്ഭുത ചിത്രം
കുടവെച്ചൂര്‍ ദേവലായത്തിലെ പ്രധാന അള്‍ത്താരയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ ചിത്രം അത്ഭുതകരമായി ചിത്രീകരിക്കപ്പെട്ടതായി വിശ്വസിച്ചുവരുന്നു. ആ കാലഘട്ടത്തിലെ കേരള ക്രിസ്ത്യാനികള്‍ക്കുവേണ്ടി അന്നത്തെ ഭരണാധികാരിയായിരുന്ന ആര്‍ച്ചുഡീക്കന്‍ പരിശുദ്ധകന്യകാമറിയത്തിന്‍റെ ഏഴ് ചിത്രങ്ങള്‍ക്കായി പോര്‍ച്ചുഗീസുകാര്‍ക്ക് ഓഡര്‍കൊടുത്തു. പോര്‍ച്ചുഗലില്‍ നിന്നും കപ്പല്‍പുറപ്പെടാന്‍ സമയമായപ്പോള്‍ അവയില്‍ ആറെണ്ണം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. എങ്കിലും പശ്ചാത്തലം മാത്രം വരച്ച ഏഴാമത്തെ ചിത്രവും അതൊടൊപ്പം കൊടുത്തുവിട്ടു. ഇവിടെ കൊണ്ടുവന്ന് പള്ളികള്‍ക്ക് വിതരണം ചെയ്യാന്‍ നോക്കിയപ്പോള്‍ ഏഴും പൂര്‍ത്തീകരിച്ചതായികണ്ടു. അങ്ങനെ സ്വയം പൂര്‍ത്തീകരിക്കപ്പെട്ട ചിത്രമാണ് കുടവെച്ചൂര്‍ പള്ളിയിലേതെന്ന് വിശ്വസിച്ചുപോരുന്നു. സുവിശേഷകന്‍മാരില്‍ ഒരാളായ വി.ലൂക്കാവരച്ചത് ഇന്ന് റോമിലെ ,സാന്താമരിയ മജിയോരെ. ബസിലിക്കായുടെ ഉള്ളിലുള്ള ബോര്‍ശിസ്സ് ചാപ്പലില്‍ സ്ഥാപിച്ചിട്ടുളളതുമായ കന്യകാമറിയത്തിന്‍റെ ചിത്രത്തിന്‍റെ തനിപ്പകര്‍പ്പാണിത്. ഇതുപോലുളള ചിത്രങ്ങള്‍ കേരളത്തിലെ വളരെ പുരാതന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മാത്രം കാണാവുന്നതാണ്.